കൊല്ലം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം ജില്ലയുടെ ഉള്‍പ്രദേശങ്ങളിലെ ജനങ്ങളുടെ ഇടയില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
പ്രതിസന്ധികളും ആശങ്കകളും
പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുറത്തിറക്കിയ കരട് വിജ്ഞാപനപ്രകാരം കേരളത്തിലെ 131 വില്ലേജുകളെയാണ് (ഏകദേശം 9,993.7 ചതുരശ്ര കിലോമീറ്റര്‍) പരിസ്ഥിതിലോല മേഖലയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വനമേഖലകള്‍ക്ക് പുറമെ പരമ്പരാഗതമായി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും ഈ കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മേഖലകളില്‍ ഖനനം, വലിയ കെട്ടിട നിര്‍മാണങ്ങള്‍, മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍ എന്നിവയ്ക്ക് സമ്പൂര്‍ണ നിരോധനമോ കര്‍ശന നിയന്ത്രണങ്ങളോ ബാധകമാകും.
ഭൂമി കൈമാറ്റം ചെയ്യാനും വായ്പയെടുക്കാനും വീടുകളുടെ നിര്‍മാണത്തിനും അനുമതി ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍, കൃഷിക്ക് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതിലെ തടസങ്ങള്‍ എന്നിവ മലയോര കര്‍ഷകരുടെയും ജനങ്ങളുടെയും ജീവിതം ദുസഹമാക്കുമെന്ന ആശങ്ക ശക്തമാണ്.
കിഴക്കന്‍ മലയോര മേഖലകള്‍ വിഷമവൃത്തത്തില്‍
ജില്ലയില്‍ പശ്ചിമഘട്ട മലനിരകളോട് ചേര്‍ന്നു കിടക്കുന്ന കിഴക്കന്‍ മലയോര മേഖലകളിലെ വില്ലേജുകളാണ് പ്രധാനമായും ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെയും ഔദ്യോഗിക രേഖകളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ പത്തനാപുരം താലൂക്കിലെ പിറവന്തൂര്‍ വില്ലേജ് (ഏകദേശം 148.47 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ളതില് 111.86 ചതുരശ്ര കിലോമീറ്ററോളം പ്രദേശവും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നു).
പത്തനാപുരം താലൂക്കില്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്നതും വിസ്തൃതി കൂടുതലുള്ളതുമായ ഒരു പ്രധാന കിഴക്കന്‍ മലയോര വില്ലേജാണ് പിറവന്തൂര്‍. പത്തനാപുരം താലൂക്കിലെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മറ്റൊരു മലയോര പ്രദേശമായ പുന്നല വില്ലേജിലും വലിയ ആശങ്ക നിലനില്ക്കുന്നു.
ഇവിടത്തെ കാര്‍ഷിക മേഖലകളും വനത്തോട് ചേര്‍ന്നുകിടക്കുന്ന ഗ്രാമങ്ങളും ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുന്നു. പത്തനാപുരം താലൂക്കിലെ പുന്നല വില്ലേജിന്റെ വിസ്തൃതി ഏകദേശം 49.59 ചതുരശ്ര കിലോമീറ്ററാണ്. ഇതില്‍ 37.52 ചതുരശ്ര കിലോമീറ്ററോളം പ്രദേശം ഇഎസ്എ പരിധിയില്‍ വരും.
ഇവ കൂടാതെ പുനലൂര്‍, പത്തനാപുരം താലൂക്കുകളുടെ വനാതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന മറ്റ് മലയോര പ്രദേശങ്ങളും കിഴക്കന്‍ വില്ലേജുകളും ഈ പട്ടികയുടെ പരിധിയിലോ അതിനോട് ചേര്‍ന്നുള്ള സംരക്ഷിത വനമേഖലകളിലോ ഉള്‍പ്പെടുന്നുണ്ട്.
വനമേഖലയോട് ചേര്‍ന്നുനില്‍ക്കുന്ന ഇത്തരം പ്രദേശങ്ങളിലെ ആവാസവ്യവസ്ഥയും മലയോര ഗ്രാമങ്ങളുമാണ് പ്രധാനമായും പരിസ്ഥിതിലോല നിയന്ത്രണങ്ങളുടെ നിഴലിലുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെ നിലപാട്
പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യം സംരക്ഷിക്കുക, ലോക പൈതൃക പദവി നിലനിര്‍ത്തുക, പരിസ്ഥിതി ദുരന്തങ്ങള്‍ ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെ കര്‍ശന നിയന്ത്രണങ്ങളുള്ള പരിസ്ഥിതി ലോല വിജ്ഞാപനം നടപ്പിലാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പക്ഷം.
കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതിയും ജനസാന്ദ്രതയും പരിഗണിച്ച്, മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമുള്ള ഇളവുകള്‍ പൂര്‍ണ്ണമായി അംഗീകരിക്കാതെയാണ് വീണ്ടും കരട് വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്.
കേരളത്തിന്റെ നിലപാട്
സംസ്ഥാന സര്‍ക്കാര്‍ നല്കിയ നിര്‍ദേശപ്രകാരം ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് അന്തിമ അതിര്‍ത്തി നിര്‍ണയം നടത്തുമ്പോള്‍ ഈ വില്ലേജുകളിലെ വനേതര പ്രദേശങ്ങള്‍ ഒഴിവാക്കപ്പെടണമെന്നാണ് കേരളത്തിന്റെ ആവശ്യം.
കേരളത്തിന്റെ നിലപാട് അനുസരിച്ച് പരിസ്ഥിതിലോല മേഖലയുടെ വിസ്തൃതി 8,590 ചതുരശ്ര കിലോമീറ്ററായും വില്ലേജുകളുടെ എണ്ണം 98 ആയും ചുരുക്കണം.
ജനവാസ മേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതി ലോല പരിധിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണമെന്നും വനമേഖലകളെ മാത്രം ഇതില്‍ ഉള്‍പ്പെടുത്തണമെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ശക്തമായി ആവശ്യപ്പെട്ടിട്ടുള്ളത്.
മലയോര മേഖലകളിലെ ഗ്രാമസഭകളും പഞ്ചായത്തുകളും ഇതിനെതിരെ വലിയതോതില്‍ രംഗത്തുവന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളെയും കാര്‍ഷിക ഭൂമിയെയും പൂര്‍ണമായി ഒഴിവാക്കണമെന്നും നിലവിലെ കരട് വിജ്ഞാപനത്തിലെ അശാസ്ത്രീയമായ അതിര്‍ത്തി നിര്‍ണയം മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ട് നിരവധി പഞ്ചായത്തുകള്‍ പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ട്.
പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം
കേരളം പോലുള്ള പ്രദേശങ്ങളില്‍ കാലാവസ്ഥ വ്യതിയാനവും ഉരുള്‍പൊട്ടല്‍ പോലുള്ള ദുരന്തങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പശ്ചിമഘട്ട സംരക്ഷണം അത്യന്താപേക്ഷിതമാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം.
രാഷ്ട്രീയ പ്രേരിതമായ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി പരിസ്ഥിതി ലോല നിയമങ്ങളില്‍ വെള്ളം ചേര്‍ക്കരുതെന്നും വനനശീകരണവും അനധികൃത കൈയേറ്റങ്ങളും ക്വാറി പ്രവര്‍ത്തനങ്ങളും കര്‍ശനമായി നിയന്ത്രിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
അതേസമയം, ജനവാസ മേഖലകളെക്കുറിച്ചുള്ള അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാന്‍ ബോധവത്കരണം വേണമെന്നും ചില സംഘടനകള്‍ അഭിപ്രായപ്പെടുന്നുണ്ട്.
പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇഎസ്എ അതിര്‍ത്തി
വ്യക്തമായി അടയാളപ്പെടുത്തണം
ഓരോ ഗ്രാമപഞ്ചായത്തിലെയും പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഇഎസ്എ അതിര്‍ത്തി വ്യക്തമായി അടയാളപ്പെടുത്തണം. അതോടൊപ്പം, മാപ്പുകള്‍ അന്തിമമാക്കുന്നതിന് മുമ്പ് ഗ്രാമപഞ്ചായത്ത് അധികാരികള്‍ക്ക് അവ പരിശോധിക്കുന്നതിനും ഭൗതിക പരിശോധന നടത്തുന്നതിനും മതിയായ സമയം നല്‍കണം.
അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിന് മുമ്പ് ജില്ലാ അടിസ്ഥാനത്തില്‍ ഹിയറിംഗ് നടത്തുകയും അതില്‍ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ അധികാരികളും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് അധികാരികളും പങ്കെടുക്കുകയും ജനങ്ങള്‍ക്കു പരാതികള്‍ നല്‍കാനുള്ള സമയം നല്‍കണം. കേരളത്തിന്റെ ഭൂമി ശാസ്ത്ര കോര്‍ഡിനേറ്റുകള്‍ അടിയന്തിരമായി പ്രസിദ്ധീകരിക്കണം.
കര്‍ഷകരും മനുഷ്യരാണ് ജീവിക്കാന്‍ അനുവദിക്കണം
കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍നിന്ന് ഒഴിവാക്കണം. കര്‍ഷകരും മനുഷ്യരാണ് ജീവിക്കാന്‍ അനുവദിക്കണം.
കൃഷിക്ക് രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുതു വിലക്കുന്നതിലൂടെ തകരുന്നത് കര്‍ഷകരുടെ ജീവിതമാണെന്ന് അധികാരികള്‍ തിരിച്ചറിയണം.
കര്‍ഷകര്‍ പ്രതിസന്ധിയിലാതുന്നത് ആ നാടിനെത്തന്നെ പ്രതിസന്ധിയിലാക്കും. ഇത് ഭാവിയില്‍ സൃഷ്ടിക്കുക വലിയ പ്രതിസന്ധിയായിരിക്കുമെന്നും ഓര്‍ക്കണം.